പെരിയാർ ടൈഗർ റിസേർവ് എന്ന ജോഗ്രഫി ക്ലാസ്

Annu Suresh
4 min readJan 5, 2021

--

കാടുമായുള്ള ആകെ ബന്ധം ‘കാട്ടിലെ കണ്ണൻ’ ആണ്. കാട്ടിലെ കണ്ണനെ അറിയില്ലേ? എല്ലാവരുടെയും പ്രിയപ്പെട്ട സ്നേഹമുള്ള ആനക്കുട്ടി. എനിക്കും ഇഷ്ടമാണ് കാട്ടിലെ കണ്ണനെ. ഇപ്പോഴും മനസ്സിലായില്ലെങ്കിൽ ഒരു പാട്ടു പാടി തരാം.

‘കണ്ണിലുണ്ണിയാണെ കണ്ണനാണെ, കൊച്ചുകൊമ്പനാണെ വമ്പനാണെ….’

ഇത് കേട്ടാൽ ഓർമ വരും, പണ്ട് നമ്മളെ സന്തോഷിപ്പിച്ച കാട്ടിലെ കണ്ണനെ. കാർട്ടൂൺ കഥാപാത്രങ്ങളായ എല്ലാ മൃഗങ്ങളെയും എനിക്ക് വലിയ ഇഷ്ടമാണ്. അടുത്ത് വരുമ്പോഴാണ് പേടി. കാടുമായുള്ള എന്റെ ബന്ധത്തിന് അവിടെ ഫുൾ സ്റ്റോപ്പ്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുണ്ടെന്നു പറയുമ്പോഴും കാട്ടിലെ യാത്ര ഒരു പേടിസ്വപ്നമാണ്. ദൂരെ നിന്ന് കാടിന്റെ മനോഹാരിത നോക്കി, ‘വൗ, കേരളം എത്ര സുന്ദരിയാണ്’ എന്ന് പറയുമ്പോഴും, കാടിനകത്തുള്ള ആ യാഥാർഥ്യങ്ങൾ നേരിട്ട് തിരിച്ചറിയാൻ തുനിഞ്ഞതേയില്ല.

മുംബൈലെ ആരെ വനം മാത്രം ഒരു വനമായി കണ്ടിട്ടുള്ള എന്റെ സ്വന്തം അളിയനെ കേരളത്തിലെ വനത്തിന്റെ ഖും കാണിക്കാൻ ഇറങ്ങിത്തിരിച്ച എന്റെ ചേച്ചി അങ്ങനെയാണ് തേക്കടിയിൽ പോകാൻ തീരുമാനിച്ചത്. ഞങ്ങൾ അഞ്ചു പേരും കൂടി 2021 തേക്കടിയിൽ ആരംഭിച്ചു. പിറ്റേന്ന് രാവിലെ ‘നേച്ചർ വോക്’ നു പേരും കൊടുത്തു. ഞാനും, അമ്മയും, ചേച്ചിയും, ചേട്ടനും, വിഷ്ണു എന്ന ഒരു ഗൈഡിന്റെ സഹായത്തോടെ രാവിലെ 10 മണിക്ക് യാത്ര ആരംഭിച്ചു.

പെരിയാർ ടൈഗർ റിസേർവ് എന്ന പടർന്നു പന്തലിച്ചു കിടക്കുന്ന, കടുവയും കൊമ്പനും കാട്ടുപോത്തുമടക്കും എല്ലാ വിധ മൃഗങ്ങളും വിലസുന്ന, എത്രയും സുന്ദരവും ഭയാനകവും ആയ വനം കാണാൻ അങ്ങനെ ഞാൻ തീരുമാനിച്ചു. അത് പറയുമ്പോൾ 925 ചതുരശ്ര കിലോമീറ്റർ മുഴുവൻ ഞാൻ ഒറ്റയ്ക്ക് ധൈര്യത്തോടെ നടന്നു കണ്ടു എന്ന് വിചാരിക്കരുത്. ആ ഭീമാകാരമായ വനത്തിന്റെ 6 ചതുരശ്ര കിലോമീറ്റർ മാത്രം ഒരു ഗൈഡിന്റെ സഹായത്തോടെ നടന്നുകണ്ടു എന്ന് മാത്രം മനസ്സിലാക്കുക.

അട്ട കടിക്കാതിരിക്കാൻ അവർ തന്ന തുണികൊണ്ടുള്ള ഒരു സോക്‌സു ഷൂവിനുള്ളിൽ ധരിച്ചു തയാറെടുത്തു. അതിനൊപ്പം ഒരു ഫോം പൂരിപ്പിക്കാൻ തന്നു. അവിടെ വെച്ച് എന്ത് സംഭവിച്ചാലും ആരും ഉത്തരവാദികളല്ല എന്ന് ഒപ്പിട്ടു മേടിക്കുന്ന ഫോം. അങ്ങനെ ഗവണ്മെന്റ് കൈയൊഴിഞ്ഞു! ‘പിന്നെ, ഇതൊക്കെ ഓരോ ഫോർമാലിറ്റി. കടുവ വന്നു കടിക്കാൻ നിക്കുവല്ലേ!’ ഒപ്പിടുമ്പോൾ ഞാൻ ഓർത്തു. പുഴയുടെ മറുപുറം എന്നെ കാത്തിരിക്കുന്ന ആ ഘോരവനത്തിലേക്ക് നോക്കിയപ്പോൾ പക്ഷെ ഞാൻ എന്നോട് തന്നെ ചോദിച്ചു, ‘ഇനി ശെരിക്കും കടുവ വന്നാലോ?’

മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ കയറി പുഴയുടെ മറ്റേ അറ്റം എത്തുമ്പോൾ കാടിന്റെ ഒരു വഴിയിലൂടെ അകത്തേക്ക് കയറാം. നടന്നു തുടങ്ങിയപ്പോൾ തന്നെ ഗൈഡിനെ ചോദ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടിച്ചുകൊണ്ടിരിന്നു. ഈ കാട് മൊത്തം എത്ര വലിപ്പമുണ്ടാവും, കാടിനുള്ളിൽ ആരെങ്കിലും താമസിക്കാറുണ്ടോ, കടുവയെ കണ്ടിട്ടുണ്ടോ, എന്നുവേണ്ട ആ രാത്രിയോട് കൂടി ലോകം അവസാനിക്കുമെന്ന തോതിൽ ചോദിച്ചു തീർത്ത എല്ലാത്തിനും ഒരു മടിയും ദേഷ്യവും കൂടാതെ വിഷ്ണു ഉത്തരം തന്നത് അദ്ദേഹത്തിന്റെ നല്ല മനസ്സ്. 5 വർഷത്തോളം ഗൈഡായി ജോലി നോക്കുന്ന വിഷ്ണു ഓരോ ദിവസവും കാട് കാണാൻ വരുന്ന ഞങ്ങളെ പോലെയുള്ള ഒരുപാടു പേരുടെ ചോദ്യങ്ങൾക്കു സന്തോഷത്തോടെ ഉത്തരം പറയുന്നു എന്നുള്ളതാണ് വാസ്തവം. അകത്തേക്ക് പോകുന്തോറും ശാന്തത കൂടിവന്നു. പുറത്തെ ശബ്ദങ്ങളൊന്നുമില്ല. പക്ഷികളുടെയും, കുരങ്ങന്റെയും, അണ്ണാന്റെയും, കാറ്റത്തു ആടുന്ന ഇലകളുടെയും പിന്നെ അതെല്ലാം കേൾക്കുമ്പോൾ, ‘ദേ അത് കേട്ടോ’, എന്ന് ഞങ്ങൾ ചോദിക്കുന്നതും മാത്രം.

925 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കാട്ടിൽ 3 തരം ആദിവാസി സമൂഹങ്ങൾ ആണ് ഉള്ളത്. ഇതിൽ മന്നൻ എന്ന പേര് മാത്രമാണ് ഞാൻ ഓർത്തിരിക്കുന്നത്. അവിടെ താമസിക്കുന്നവർ ഏകദേശം 25 ചതുരശ്ര കിലോമീറ്റർ വരെ പേടിയില്ലാതെ സഞ്ചരിക്കും. നമ്മൾ നടക്കുന്നതും അത്ഭുതകരമായി നോക്കുന്നതും ഇലപൊഴിയും കാട് അഥവാ Rainforest എന്ന ഭാഗമാണ്. ഉൾകാട് അഥവാ Evergreen forest എന്ന, സൂര്യവെളിച്ചം തെല്ലും എത്താത്ത ആ ഭാഗത്തേക്ക് പോകാൻ ഒന്ന് ഭയക്കണം. അവിടെ മേല്പറഞ്ഞ എല്ലാ മൃഗങ്ങളും ഇറങ്ങി നടക്കും. പുറത്തുള്ളവർക്കോ ആദിവാസി സമൂഹത്തിനോ ആ ഭാഗത്തേക്ക് പോകാനും നിർവാഹമില്ല എന്നതാണ് സത്യം. എന്നാൽ അവിടെയും ഫോറെസ്റ് ഓഫീസിന്റെ ക്വാർട്ടേഴ്‌സ് ഉണ്ടത്രേ. അവിടെ ഉള്ളവർക്ക് പേടിയാകില്ലേ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ചിരിച്ചു.

പ്രായപൂർത്തിയായ ഒരു ബംഗാൾ കടുവക്കു ഏകദേശം 250 കിലോ വരെ ഭാരമുണ്ടെന്നു പറഞ്ഞു തന്നപ്പോൾ ഒരു കാര്യം തീരുമാനമായി. നേരെ മുന്നിൽ ഒരു കടുവ വന്നാൽ തടുത്തു നിൽക്കുക എന്ന ഓപ്ഷൻ ഇല്ല. പുലിമുരുഗൻ സിനിമയിലെ ഗ്രാഫിക്സ് ഒന്നും വർക്ഔട് ചെയ്യാനുള്ള ടൈം ഒന്നും കിട്ടില്ല. ഓടിക്കോളണം, അത് ദേഹത്തേക്ക് ചാടി വീഴുന്ന വരെയുള്ള ദൂരം. ഇടയ്ക്കു കുറെയധികം അട്ടകൾ ഷൂവിൽകൂടി കഷ്ടപ്പെട്ട് മുകളിലേക്ക് വലിഞ്ഞു കേറുന്നതു ശ്രദ്ധിച്ചു. ചോര തീരെയില്ലാത്ത എന്റെ ദേഹം തന്നെ വേണം അതിന്. ഹോ സമ്മതിച്ചിരിക്കുന്നു! മുകളിലെത്തുമ്പോൾ ചമ്മിപോകുന്നത് കാണാൻ നിൽക്കാതെ ഓരോന്നായി തട്ടിക്കളഞ്ഞു കൊണ്ടിരുന്നു. തണുപ്പുള്ള സ്ഥലത്താണ് അട്ട വസിക്കുന്നത്. ഒരിത്തിരി ദൂരം കഴിഞ്ഞു ചൂടാവുമ്പോൾ പിന്നെ അതൊന്നും കാണില്ല. പോകുന്ന വഴിയിൽ വിഷ്ണു പല മരങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി. കുമ്പിൾ അപ്പം ഉണ്ടാക്കുന്ന ഇല പറിച്ചു അത് മണക്കാൻ തന്നു. ശെരിക്കും അട രുചിക്കുന്നതു പോലെ തന്നെ തോന്നി. പിന്നീടുള്ള ദൂരമത്രെയും ഇടയ്ക്കിടയ്ക്ക് ആ ഇല എടുത്തു മണക്കും. പിന്നെ കാട്ടുമുന്തിരി, കറിവേപ്പില, പച്ചകുരുമുളകു അങ്ങനെ പലതും. കാട്ടുമുന്തിരിക്കു വെളുത്ത നിറമാണത്രെ. വിഷ്ണു കഴിച്ചിട്ടുണ്ട്. ഇന്നീ ലേഖനം എഴുതുന്നത് അവിടുന്ന് പറിച്ചെടുത്ത ഒരു കഷ്ണം പച്ചകുരുമുളകു അരച്ച് ചേർത്ത അമ്മയുണ്ടാക്കിയ രുചികരമായ മീൻ വറുത്തത് കഴിച്ച ദിവസമാണെന്നും ഓർമിപ്പിച്ചു കൊള്ളട്ടെ. തേക്കും, ഇടിയും, 200 വർഷത്തിലേറെ പഴക്കമുള്ള വന്മരങ്ങളും എല്ലാം കണ്ടു. ഇടയ്ക്കു കറുത്ത കുരങ്ങന്മാർ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടും. ഞങ്ങളെ ശല്യം ചെയ്യാൻ വന്നില്ല.

ഇലകൾ പൊഴിഞ്ഞും മരങ്ങൾ വീണും കിടക്കുന്ന നടപ്പാതയിലൂടെ പോകുമ്പോൾ, പെട്ടെന്ന് അമ്മയുടെ ഉള്ളിലെ OCD ഉണർന്നതായിരിക്കണം, അമ്മ വിഷ്ണുവിനോട് ചോദിച്ചു, ‘ഇവിടെ നിങ്ങൾ വൃത്തിയാക്കാറുണ്ടോ?’ ചിരി ഉത്തരമായി വന്നു. എങ്കിലും അമ്മയെ സന്തോഷിപ്പിക്കാൻ വിഷ്ണു ഒന്നുകൂടി ചേർത്തു. കാട്ടുതീ വരുമ്പോൾ, അല്ലെങ്കിൽ മൃഗങ്ങൾ മരിക്കുമ്പോൾ അവർ കാടിനകത്തു വന്നു അതെല്ലാം ശെരിയാക്കാറുണ്ട്. ഞാൻ തലയിൽ കൈ വെച്ച്, ‘അമ്മെ ഇത് വീടല്ല’ എന്ന് ഓർമപ്പെടുത്തി. ഒരു ചൂലെടുത്തു അമ്മയുടെ കൈയിൽ കൊടുത്താൽ ആ നടന്ന വഴി മുഴുവൻ അടിച്ചുവാരാനും അമ്മക്ക് സന്തോഷമായിരിക്കും. അമ്മയുടെ ഫലിത ബിന്ദുക്കൾ ഒരു മുഴുനീള ബുക്ക് ആക്കാനുള്ള ഐറ്റം ആയതുകൊണ്ട് തത്കാലം ഇവിടെ ദീർഘിപ്പിക്കുന്നില്ല.

കുറച്ചു നടന്നപ്പോഴേക്കും പേടിയൊക്കെ പോയി. കൂടുതൽ കാര്യങ്ങൾ അറിയാനുള്ള കൗതകമായി. ഉപദ്രവിക്കാനുള്ള ആകെ സാധ്യത, കൊമ്പനും കരടിയുമാണ്. ആനക്കൂട്ടവും, ഒറ്റയാനും ഓടിക്കുകയാണെങ്കിൽ, കരടിക്കു പ്രിയം മനുഷ്യന്റെ തലച്ചോറ്. ഇത്രയും നാൾ അതിലൂടെ നടന്നവരെ ഒന്നും മൃഗങ്ങൾ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ഒരു വാർത്ത പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൃഗങ്ങൾ നമ്മളെ ഉപദ്രവിക്കില്ല. അവർ വസിക്കേണ്ട സ്ഥലം വെട്ടിത്തെളിച്ചും അവരെ ഓടിച്ചും നമ്മൾ നേടിയെടുത്ത സാമ്രാജ്യത്തിനു അവർ നമ്മളെ ഉപദ്രവിച്ചാലും കുറ്റം പറയാൻ പറ്റില്ല. മനുഷ്യൻ കേമനാണെങ്കിലും, നമുക്ക് മുന്നേ അവകാശികളായവരാണവർ.

വർഷങ്ങൾ പഴക്കമുള്ള ആനയുടെ കാലിന്റെ എല്ലും, പുലി കൊന്നൊടുക്കിയ കാട്ടുപോത്തിന്റെ തലയുമെല്ലാം അവിടെ കാണാനായി വെച്ചിട്ടുണ്ട്. കുറെ എത്തിയപ്പോൾ ഒരു ശാന്തമായ തടാകം. അവിടെ കിങ്ഫിഷർ പക്ഷികളെ കണ്ടു. അപ്പോഴാണ് മറുവശം സാംബാർ മാൻ അഥവാ മ്ലാവിനെ കണ്ടത്. വിഷ്ണുവിന്റെ ബൈനോക്കുലർന്റെ സഹായത്തോടെ ഫോണിൽ ചേട്ടൻ പക്ഷികളുടെയും മാനിന്റെയും മനോഹര ചിത്രങ്ങൾ പകർത്തി.

മൂന്നു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ തുടങ്ങിയ സ്ഥലത്തു തിരിച്ചെത്തി. ജ്യോഗ്രഫി എന്ന വിഷയം തീരെ ഇഷ്ടപ്പെട്ടിട്ടില്ല ഞാൻ. അതിൽ ഓരോ പുഴകളെക്കുറിച്ചും, കാടുകളെക്കുറിച്ചും വലിയ എസ്സേ എഴുതാനും മാപ്പിൽ അടയാളപ്പെടുത്താനും പരീക്ഷക്ക് ചോദിക്കുമ്പോൾ എത്രയോ വട്ടം ഞാൻ ദൈവത്തിനോട് ചോദിച്ചിരുന്നു, എന്തിനിങ്ങനെ കാടും, മലയും, പുഴകളും എന്നെ പരീക്ഷിക്കാനായി ഉണ്ടാക്കി വെച്ചിരിക്കുന്നു എന്ന്. ഈ കാടുകളും, മലകളും ഒക്കെത്തന്നെയാണ് ഈ നാടിനെ സുന്ദരിയാക്കുന്നതു, നമ്മളെ പിടിച്ചു നിർത്തുന്നത്. അവയില്ലെങ്കിൽ നമ്മളില്ല. എന്റെ ആ ചെറിയ നടത്തം തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട ജ്യോഗ്രഫി ക്ലാസ്!

--

--