ഒരൊന്നൊന്നര വിഷുക്കണി

Annu Suresh
3 min readApr 16, 2023

--

ഒരുപാട് നാളായി എഴുതിത്തുടങ്ങി അവസാനിപ്പിക്കാത്ത ഈ വിഷു ഓർമ ഇന്നെഴുതി തീർക്കാൻ ഒരു കാരണമുണ്ട്. ഉണ്ണിയുടെ ഒരു മെസ്സേജ്. ഉണ്ണി എന്നാൽ ഉണ്ണിമായ. എന്റെ ഡിഗ്രി പഠന കാലത്തെ സന്തത സഹചാരി, മൂന്നു വർഷവും റൂംമേറ്റ്, എന്റെ എല്ലാ മണ്ടത്തരങ്ങൾക്കും സ്വഭാവമാറ്റങ്ങൾക്കും സാക്ഷിയായ ആൾ. എന്തിനു പറയുന്നു, വീട് വിട്ടു ആദ്യമായി മാറി നിന്ന സമയം ഒരു കുടുംബഅംഗം പോലെ കൂടെ നിന്നു. അന്നും ഇന്നും കുടുംബഅംഗം തന്നെ. അങ്ങനെ പറയുകയാണെങ്കിൽ ഒരുപാട് പേർ ആ ലിസ്റ്റിൽ വരുമെങ്കിലും, ഉണ്ണിക്കു ഒന്നാം സ്ഥാനം.
അപ്പോൾ പറഞ്ഞു വന്നത് ഉണ്ണിയുടെ മെസ്സേജ്, കുറെ നല്ല ഓർമകളിലേക്ക് കൊണ്ടുപോയി. ഉണ്ണിയുടെ ഫോൺകാൾ വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ ആ കാൾ ഒരുപാട് നീളും. സംസാരമത്രയും പണ്ട് ഹോസ്റ്റലിൽ കാണിച്ചു കൂട്ടിയ പൊട്ടത്തരങ്ങളും, മറക്കാൻ പറ്റാത്ത നിമിഷങ്ങളും, അതിന്റെ കൂടെ പൊട്ടിച്ചിരിയും. ഞങ്ങൾ ഏറ്റവും കൂടുതൽ അട്ടഹസിച്ചു ചിരിക്കുന്നത് ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ വിഷുവിനെ കുറിച്ച് പറയുമ്പോഴാണ്. അത് ഓർത്തെടുക്കുമ്പോൾ തന്നെ ചിരിവരും. പിന്നെ പറഞ്ഞു തീർക്കാതെ ആ ചിരിയിൽ മുഴുകും. ഇന്നലെ വന്ന ആ ഒരു മെസ്സേജിൽ ഞങ്ങൾ ചിരിച്ചുതീർത്ത ഒരുപാട് വർഷങ്ങൾ ഒരുമിച്ചു എന്റെ മനസ്സിലേക്ക് വന്നു. അപ്പോൾ ഓർത്തു ആ ‘ഒന്നൊന്നര വിഷു’ നെ കുറിച്ച് എഴുതാമെന്ന്.

ചെന്നൈയിൽ പഠിക്കുമ്പോൾ ഈവൻ സെമസ്റ്റർ പരീക്ഷ എപ്പോഴും കയറി വരുന്നത് വിഷുവിന്റെ ഇടയിലാണ്. അപ്പോൾ വീട്ടിൽ പൊവ്വൽ നടക്കില്ല, സദ്യയില്ല, പടക്കമില്ല, പരീക്ഷയുടെ ഇടയിൽ ചെറിയ തോതിൽ കണി വെക്കാൻ പറ്റിയാൽ രക്ഷപെട്ടു. പതിനെട്ടു വയസ്സുവരെയും വീട്ടിൽ വിഷു ആഘോഷിച്ച ഞങ്ങൾ, വീട്ടിലില്ലാത്ത ആദ്യ വിഷു ഒട്ടും കുറക്കണ്ട എന്നുതന്നെ കരുതി. ഭാഗ്യത്തിന് ആ സമയം പഠിക്കാനുള്ള ലീവ് ആയിരുന്നു. അതായതു അത്യാവശ്യ ഒരുക്കങ്ങൾക്ക് സമയമുണ്ട്. അപ്പോൾ ഞങ്ങൾ താമസിച്ചിരുന്നത് ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു, രണ്ടു പേർ മാത്രം ഒരു മുറിയിൽ. വൈകീട്ട് തന്നെ പോയി സാധനങ്ങളെല്ലാം വാങ്ങിച്ചു. മാങ്ങ, ആപ്പിൾ, മുന്തിരിങ്ങ, അങ്ങനെ കിട്ടിയ പഴങ്ങളെല്ലാം ഓരോന്ന് വീതം. വീട്ടിൽ നിന്ന് അയക്കുന്ന പോക്കറ്റ്മണിയിൽ ജീവിക്കുന്ന ഞങ്ങളുടെ ഈ സ്ട്രാറ്റജി കൃഷ്ണൻ കണ്ടില്ലാന്നു വെച്ചോളുമെന്നു ഞങ്ങളും കരുതി.

രാവിലെ 4–4.30ക്കു സാധാരണ കണി കാണണമെങ്കിൽ തലേ ദിവസം രാത്രി ഒരു 10 മണിക്കെങ്കിലും കണി ഒരുക്കി കിടക്കുന്നതാണ് കണ്ടു പതിവ്. ഏകദേശം 10 മണിക്ക് തുടങ്ങി 12 മണിയായിട്ടും കടയിൽ നിന്ന് മേടിച്ച തേങ്ങാ രണ്ടു പകുതിയാക്കാൻ ഞങ്ങൾ കഷ്ടപ്പെട്ടു. കത്തിയില്ലാത്തതുകൊണ്ടു സ്റ്റെയർകേസ്ന്റെ അറ്റത്തു ഇടിച്ചു പൊട്ടിക്കാൻ നോക്കി അവിടെ ഉറങ്ങുന്നവരെ എണീപ്പിച്ചാലെന്താ, ഒടുവിൽ ബോൾ ഐസ്ക്രീം പോലെ രണ്ടു കഷ്ണമായി കിട്ടി. അടുത്തത് കണി കാണുവാൻ എണീക്കുമ്പോൾ അലാറം സാധാരണ മ്യൂസിക് അല്ലാതെ ഒരു നല്ല ഭക്തിഗാനം വേണമെന്ന് ഞങ്ങൾക്ക് ഒരേ നിർബന്ധം. ഞങ്ങൾക്ക് സ്മാർട്ഫോൺ ഇല്ല. യൂട്യൂബ് ഇല്ല. അതിലൊന്നും തളരാതെ ചിത്ര ചേച്ചി പാടി മനോഹരമാക്കിയ ‘കണി കാണും നേരം’ എന്ന പാട്ടു വോയിസ് റെക്കോർഡറിൽ സ്വന്തമായി പാടി റെക്കോർഡ് ചെയ്യാനുള്ള ഞങ്ങളുടെ ധൈര്യം കാണാതെ പോകരുത്. ഓരോ ടേക്കിലും ചിരി നിർത്താൻ പറ്റാതെ പത്താമത്തെ ടേക്കിൽ ഞങ്ങൾ ഡീൽ ഉറപ്പിച്ചു. തേങ്ങയിൽ എണ്ണ നിറച്ചു തിരി വെച്ച്, ഉണ്ണിയുടെ കുഞ്ഞു കൃഷ്ണനെ ഒരുക്കി, തീപ്പെട്ടി കിടക്കയുടെ സൈഡിൽ വെച്ച് ഞങ്ങൾ ആകാംക്ഷയോടെ കിടന്നു.

ആദ്യം ഉണ്ണി എഴുന്നേറ്റു ഫോൺന്റെ ടോർച്ലൈറ്റ് വെച്ച് കണികാണുന്നു. പിന്നീട് തിരി കത്തിച്ചു എന്നെ കണി കാണിക്കുന്നു. സെറ്റ്. ഏകദേശം 4 മണിയായപ്പോൾ ഞങ്ങൾ തന്നെ പാടി മനോഹരമാക്കിയ ‘കണി കാണും നേരം’ കേട്ട് ഉണ്ണി എഴുന്നേറ്റു. അത് കേട്ട് ഞാനും ഉണർന്നെങ്കിലും ഞാൻ കണ്ണടച്ച് പിടിച്ചു. എന്റെ ടേൺ ആവാൻ. സാധാരണ കണി കാണാൻ പോവുന്നത് കൈകൾ കണ്ണുകളിൽ ചേർത്ത് പിടിച്ചു നടത്തി കൃഷ്ണന് മുന്നിൽ ഇരുത്തിയാണ്. ഒരു 10 മിനിറ്റ് കഴിഞ്ഞും ഉണ്ണിയുടെ ഒരു വിവരവുമില്ല.

‘എഡോ, എല്ലാം ഓക്കെ അല്ലെ?’ കണ്ണടച്ച് പിടിച്ചു തന്നെ ഞാൻ ചോതിച്ചു.

‘അതേടോ, ഒരു 2 മിനിറ്റ്’, എന്ന് ഉണ്ണിയുടെ റിപ്ലൈ.

‘എന്തോ കരിയുന്ന മണം’. എനിക്ക് ചെറിയ ടെൻഷൻ.

എന്നാൽ അപ്പോഴേക്കും ഉണ്ണി വന്നു കണ്ണുപൊത്തി.

കണ്ണ് തുറന്നപ്പോൾ അതാ രണ്ടു സൈഡിലും തീ ആളിക്കത്തുന്ന തേങ്ങയുടെ ഇടയിൽ ചെറിയ ഗ്യാപ്പിൽ ചിരിക്കുന്ന കൃഷ്ണൻ. ബോൾ ഐസ്ക്രീം പോലെ പൊട്ടിയ തേങ്ങക്കു കുറെ നേരം അത്ര ഗ്ലാമർ ആയി തിരി കത്തിച്ചു വെക്കാൻ സാധിക്കില്ലായിരുന്നു. ആ കരിയുന്ന മണമാണ് ഞാൻ കിടന്നപ്പോൾ കിട്ടിയത്. ഫസ്റ്റ് home away കണി successful ആയതിന്റെ ഒരു സന്തോഷത്തിൽ ഞങ്ങൾ കിടന്നുറങ്ങി. ഹോട്ടലിൽ പോയി തീ വില കൊടുത്തു സദ്യ കഴിക്കണ്ട എന്ന തീരുമാനത്തിൽ ഹോസ്റ്റലിൽ കിട്ടിയ ഭക്ഷണം വെച്ച് അഡ്ജസ്റ്റ് ചെയ്തു. ഉച്ചയായപ്പോൾ പക്ഷെ പിന്നെയും വിശന്നു. കഷ്ടപ്പെട്ടു പോയി മേടിച്ച കണി ഫ്രൂട്സ് ഓരോന്നോരോന്നായി കാണാതെ പോവുന്നത് ഒരുപക്ഷെ കൃഷ്ണൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പടക്കങ്ങളോ സദ്യയോ ഒന്നുമില്ലെങ്കിലും ആ വിഷു ഞങ്ങളുടെ hardwork ന്റെ ഒരു പ്രതീകം ആയിരുന്നു. ഇപ്പോഴും ഓർത്തു ചിരിക്കാൻ ഒരു സംഭവം തന്ന വർഷമല്ലേ!

പിന്നീട് 2 വർഷവും RMH ഹോസ്റ്റലിൽ ഒരുപാട് കൂട്ടുകാരുടെ ഒപ്പം കണി വെക്കുന്നതും മറ്റൊരു ഇഷ്ടമുള്ള ഓർമ. കണി ഒരുക്കിക്കഴിഞ്ഞപ്പോൾ മാങ്ങാ മിസ്സായിപ്പോയി എന്ന് മനസ്സിലാക്കി warden കാണാതെ മരത്തിൽ നിന്ന് മാങ്ങാ വീഴ്ത്തി മോഷ്ടിച്ചതും, ഏതാണ് ഏറ്റവും നല്ല കണി എന്ന് മറ്റു റൂമുകളിൽ പോയി നോക്കുന്നതും, 1 മാസത്തിനു മാത്രം മൂത്തതാണെങ്കിലും കൈനീട്ടം ചോദിച്ചു മേടിക്കുന്നതുമൊക്കെ മറ്റു കുറെ നല്ല ഓർമ്മകൾ.

ഇക്കൊല്ലം വീട്ടിൽ ഇല്ലാതിരുന്നതിനാൽ കണി വെച്ചുമില്ല കണ്ടുമില്ല. വർഷം പോകുംതോറും പല കാര്യങ്ങളുടെ തിരക്കിൽ ഇതൊന്നും ഒരു important കാര്യമായി തോന്നില്ലായിരിക്കും. ഒരുപക്ഷെ വിഷുവിന്റെ ഐതിഹ്യമോ വിശേഷതയോ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ലെങ്കിലും ജീവിതത്തിൽ കിട്ടിയ നല്ല നിമിഷങ്ങൾ ഓർക്കാൻ എല്ലാ കൊല്ലവും വിഷു ഒരു സുദിനമായി നിലകൊള്ളണമെന്നു ആഗ്രഹിക്കുന്നു..

--

--