എന്റെ ഊബർ യാത്രകൾ

Annu Suresh
2 min readNov 19, 2021

--

എന്റെ ചെറുപ്പകാലത്തു ഞാൻ ഒരുപാടു കേട്ടിരുന്ന കാര്യമാണ് നല്ല ശകുനങ്ങളും അപശകുനങ്ങളും. കാലത്തു ഒറ്റമൈനയെ കണ്ടാൽ പിന്നെ അന്നൊരു വിഷമം ഉറപ്പാണെന്നും, ഇരട്ടമൈനയാണെങ്കിൽ നല്ലവാർത്തവരുമെന്നും, കറുമ്പൻ പൂച്ച വട്ടം ചാടിയാൽ ചീത്തയാണെന്നും (very racist!), എന്നൊക്കെ പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പോവുന്ന മിണ്ടാപ്രാണികൾ അന്നത്തെ ദിവസം എങ്ങനെ നിശ്ചയിക്കുമെന്നു ഞാൻ അത്ഭുതത്തോടെ കേട്ട് നിന്നിട്ടുണ്ട്. ഇന്നത്തെ കാലത്താണെങ്കിൽ ഒരു ദിവസത്തിന്റെ മൂട് നിശ്ചയിക്കുന്നത് രാവിലെ വരുന്ന വാട്സാപ്പ് മെസ്സേജോ ഇൻസ്റ്റാഗ്രാം പോസ്റ്റോ ഒക്കെയായി. എന്നാൽ ഒരുകാലത്തു എന്റെ ദിവസം എങ്ങനെ തുടങ്ങണമെന്ന് തീരുമാനിച്ചിരുന്നത് ഊബർ ഡ്രൈവർമാരായിരുന്നു.

എയർപോർട്ടിൽ ഫ്ലൈറ്റ് മിസ്സാവുമെന്ന് ഉറപ്പിച്ചു വണ്ടിയിൽ കയറുമ്പോൾ എന്റെ ഫ്ലൈറ്റ് സ്വന്തം ഫ്ലൈറ്റ് പോലെ കണ്ടു സമയത്തിന് എത്തിക്കുന്ന, മീറ്റിംഗിനോ എക്‌സാമിനോ സമയത്തെത്തില്ല എന്ന് വിഷമിച്ചു ടെൻഷൻ അടിക്കുന്ന എന്നെ ആശ്വസിപ്പിച്ചു കറക്റ്റ് സമയത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന, ഊബർ ചേട്ടന്മാരെ ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു. വേറെ ചിലരുണ്ട്. ക്യാബ് ബുക്ക് ചെയ്തു കുറെ സമയം നോക്കിയിരുന്നു അടുത്തെത്താറാവുമ്പോൾ ക്യാൻസൽ ചെയ്യുന്ന, ഫോൺ വിളിച്ചു ലൊക്കേഷൻ എത്ര മനസ്സിലാക്കാൻ ശ്രമിച്ചാലും മനസ്സിലാക്കില്ല എന്ന് ശപഥമെടുക്കുന്ന, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ലോകത്തു നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാനാണെന്ന ഭാവത്തിൽ സംസാരിക്കുന്ന ഊബർചേട്ടന്മാർ.

മുംബൈയിലും ചെന്നൈയിലും താമസിക്കുമ്പോൾ വീട്ടിലെ പോലെ കാറും, കൊണ്ടുവിടാൻ പപ്പയും പോലെയുള്ള ലക്ഷ്വറിയുമൊന്നുമില്ലാതിരുന്ന സമയം ഓട്ടോയും, ഒരു കുടുംബം പോലെ യാത്ര ചെയ്യുകയാണെന്ന് തോന്നിക്കുന്ന പോലെ ഷെയർ-ഓട്ടോയും, ഇത്തിരി കൂടുതൽ പൈസ കൈയിൽ ഉണ്ടെങ്കിൽ ഊബറും ഒക്കെ ആയിരുന്നു ആകെ ആശ്രയം. നമ്മുടെ ജീവിതം മുഴുവൻ പല ആപ്പുകൾ നിർണ്ണയിക്കുന്നത് പോലെ, ഊബറിൽ ഓട്ടോയും കാറും ഒക്കെ ഉള്ളപ്പോൾ എന്തിനു വെയില്കൊണ്ട് വഴക്കുണ്ടാക്കി പോകണം എന്നാണു ചിന്ത. ഇതൊന്നുമില്ലാതിരുന്ന ഒരു കാലം ഇപ്പോൾ ഒരു അത്ഭുതമായി തോന്നുന്നു.

രണ്ടാംവർഷ കോളേജുപഠനകാലം. ഏറ്റവും വലിയ ദേശീയപതാക ഉണ്ടാക്കി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ ഒരു അവസരം ഉണ്ടെന്നറിഞ്ഞു ഹോസ്റ്റലിലുള്ള ഞങ്ങൾ പത്തു പേര് രാവിലെ അഞ്ചു മണിക്ക് കുളിച്ചു ടാക്സി കാത്തിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. ഊബർ, ഒല ടാക്സികൾ ഒന്നും അന്ന് സുപരിചിതമല്ല. ഞങ്ങളുടെ രക്ഷകൻ അപ്പോൾ ‘ഫാസ്റ്റ്രാക്ക്’ ആയിരുന്നു. തലേ ദിവസം ഫോൺ വിളിച്ചു ടാക്സി ബുക്ക് ചെയ്തു രാവിലെ വരുമെന്ന് ഉള്ള ആ വിശ്വാസം. ഈ ശുഭാപ്തിവിശ്വാസം മനുഷ്യർക്കിടയിൽ എല്ലാ കാര്യത്തിനും ഉണ്ടായിരുന്നെങ്കിൽ, ഇന്ന് ലോകം എത്ര മാറിയേനെ!

വിശ്വാസത്തിനെ കുറിച്ച് പറയുമ്പോൾ, ഊബർ ഡ്രൈവർമാരോടുള്ള വിശ്വാസം ഒരു കൂടപ്പിറപ്പിനോടുള്ളത് പോലെയാണ്. ചില സമയം സുഹൃത്തുക്കൾ കൊണ്ടുവിടാൻ ഒരുങ്ങുമ്പോൾ, ‘എന്തിനു? ഊബർ ഉണ്ടല്ലോ!’ എന്ന ഉത്തരത്തിനു എത്രയോ വർഷങ്ങളായി പരിചയമുള്ള ആരോ താഴെ കാത്തുനിൽക്കുന്നു എന്ന അർത്ഥമാണ്. ചില സമയം ടെക്നോളജി കൊണ്ടുവന്ന മാറ്റങ്ങളിൽ അഭിമാനമാണ്. കുറെ പേർക്ക് ജോലി, ധൈര്യമായി യാത്ര ചെയ്യാനുള്ള വിശ്വാസം, ഡ്രൈവർ ജോലി ഒട്ടും കുറച്ചിലല്ല എന്ന് മനസ്സിലാക്കി തരാനും സാധിച്ചു. ഇത്തരം മാറ്റങ്ങൾ ഒരിക്കലും ചെറുതല്ല.

ഓരോ ഊബർ യാത്രയും ഓരോ അനുഭവമാണ്. ഹിന്ദി, തമിഴ് ഭാഷകൾ അത്ര നന്നായി കൈകാര്യം ചെയ്യാനറിയില്ലെങ്കിലും ചില ഡ്രൈവർമാരുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്. കേൾക്കാനൊരാൾ ഉണ്ടെങ്കിൽ പറയാൻ കഥകൾക്കാണോ പഞ്ഞം? ചിലർ സംസാരപ്രിയരല്ല. പക്ഷെ നല്ല പാട്ടുകൾ വെച്ച് സുഗമമായ യാത്ര ഉറപ്പുതരുന്നവർ. ഒരിക്കൽ എന്റെ പപ്പാ ഊബർ എടുത്തപ്പോൾ അതിലെ പാട്ടുകൾ നല്ലതാണെന്നു പറഞ്ഞു, ഡ്രൈവർ അദ്ദേഹത്തിന്റെ പ്ലേലിസ്റ്റ് ഒരു പെൻഡ്രൈവിൽ ആക്കികൊടുത്തുവെന്നു പറഞ്ഞാൽ അത് അതിശയോക്തി അന്നെന്നു നിങ്ങൾ വിചാരിക്കരുത്. മുംബൈ പോലെയുള്ള ഒരു വലിയ നഗരത്തിൽ ഒരിക്കൽ കിട്ടിയ ഊബർ പിന്നീട് കിട്ടുക വളരെ വിരളമാണ്. എന്നാൽ എനിക്കങ്ങനെ ഒരു ഭാഗ്യമുണ്ടായിട്ടുണ്ട്. രണ്ടാമത്തെ വട്ടം, ഞങ്ങൾ കുറെ സംസാരിച്ചു, നീണ്ട ട്രാഫിക്കിൽ ഒന്നരമണിക്കൂർ ദൂരം കടന്നത് അറിഞ്ഞതുപോലുമില്ല. വണ്ടിയുടെ തണുപ്പിൽ ക്ഷീണിച്ചു ഉറങ്ങിപ്പോയ എന്നെ കൃത്യമായി സ്ഥലത്തെത്തിച്ചു വിളിച്ചുണർത്തിയ കഥകളും, യാത്രക്കിടെ കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ചു വേറെ വണ്ടി വിളിച്ചു തന്നവരും, വഴി തെറ്റി പുതിയവഴികളും അതിന്റെ മനോഹാരിതയും ഒരുമിച്ചു പര്യവേക്ഷണം നടത്തിയതുമൊക്കെ മറ്റു പല കഥകൾ.

കഴിഞ്ഞ മാസം കുടുംബത്തോടെ ഞങ്ങൾ ആൻഡമാൻ പോയി. അയ്യായിരത്തിൽ താഴെയും രണ്ടായിരത്തിൽ താഴെയും ജനസംഖ്യയുള്ള രണ്ടു ദ്വീപുകളിൽ താമസിച്ച ഞങ്ങൾക്ക് ഊബറും ഒലയും എന്നുവേണ്ട നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ട് ഒരു ആപ്പുകളും ഇല്ലാത്ത കൊറച്ചു ദിവസങ്ങൾ സമ്മാനിച്ചത് ഫോൺ വിളിച്ചു ബുക്ക് ചെയ്ത ടാക്സി ഓർമകളും, ഒരു ഓട്ടോ കിട്ടാനായി ദൂരങ്ങൾ കഥകൾ പറഞ്ഞു നടക്കുന്ന നല്ല നിമിഷങ്ങളുമായിരുന്നു. ഇപ്പോഴത്തെ ജീവിതരീതിയെ പുറത്തു നിന്ന് നോക്കി അവലോകനം ചെയ്യുമ്പോൾ മനസ്സിലായി നമ്മൾ എത്ര മാറിയിരിക്കുന്നു!

--

--