ആണാവണ്ട… മനുഷ്യനായാൽമതി

Annu Suresh
2 min readMay 31, 2020

--

പതിനഞ്ചുകൊല്ലം കോ- എഡ്യൂക്കേഷൻ സ്കൂളിൽ പഠിച്ചിട്ടു പെട്ടെന്ന് പെൺകുട്ടികൾ മാത്രമുള്ള അന്തരീക്ഷത്തിലേക്ക് പെട്ടുപോവുന്നതു ചിന്തിക്കാൻ സാധിക്കുമോ? പതിനഞ്ചുകൊല്ലമെങ്ങനെയെന്നാണോ ഇപ്പോൾ സംശയം? എന്റെ പ്ലെയ്‌സ്‌ക്കൂളും കോ-എഡ് ആയിരുന്നു. അപ്പോൾ പറഞ്ഞു വന്നത്, പെട്ടുപോയി എന്നായിരുന്നു എന്റെയും ആദ്യ പ്രതികരണം. പക്ഷെ അത് മാറാൻ ഒരുപാട് സമയം വേണ്ടിവന്നില്ല.

പന്ത്രണ്ടാം ക്ലാസ്സു കഴിഞ്ഞു പല കോളേജുകളിലും അഡ്മിഷന് വേണ്ടി അയക്കുമ്പോൾ തീരെ ഓർത്തില്ല ഒടുവിൽ ചെന്നെത്താൻ പോവുന്നത് ചെന്നൈയിലെ ഒരു വിമൻസ് കോളേജിൽ ആയിരിക്കുമെന്ന്. തമിഴല്ലെങ്കിലേ തെരിയാത്. അറിയാത്ത സ്ഥലം. പിന്നെ പെൺകുട്ടികൾ മാത്രം. ആൺകുട്ടികളെ കണ്ടില്ലെങ്കിലുള്ള വിഷമമൊന്നുമല്ല. പണ്ടേ ഉള്ള കേട്ടുകേൾവിയാണ് വിമൻസ് കോളേജിലെ പെൺകുട്ടികൾ ഭയങ്കര തന്റേടികൾ ആണെന്ന്. ഞാനാണെങ്കിൽ മിണ്ടിയാൽ കരയും, എന്റെ അറിവിൽ തന്റേടം ഉള്ളത് ആൺകുട്ടികൾക്കല്ലേ! അതിന്റെ ചെറിയൊരു പേടി. ഒടുവിൽ ബാഗും പാക്ക് ചെയ്തു ചെന്നൈക്ക് വണ്ടി കയറി. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഞാൻ പോകാൻ നേരം കരഞ്ഞതിനപ്പുറം അവിടുന്ന് വരാൻ നേരം കരഞ്ഞുകാണും. അത്രയ്ക്കുണ്ട് ആ ജീവിതം സമ്മാനിച്ച ഓർമ്മകൾ.

കോളേജ് ജീവിതം എന്നെ മാറ്റിമറിച്ചതും, കർഫ്യു അഥവാ പരിമിധികളിലും എങ്ങനെ ആഘോഷിക്കാം എന്ന് ഹോസ്റ്റൽ പഠിപ്പിച്ചുതന്നതും, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്നു ഉറപ്പിക്കാൻ കഴിയുന്ന കൂട്ടുകാരെ കണ്ടുപിടിച്ചതും, തലയുയർത്തിപ്പിടിച്ചു തെറ്റുകളെ ചോദ്യം ചെയ്യാൻ മടികാണിക്കണ്ട എന്ന് കാണിച്ചു തന്ന കൂട്ടുകാരെകണ്ടു അഭിമാനിച്ചതുമൊക്കെ പറയാൻ ഇരുന്നൂറുപേജിന്റെ വരയിട്ട ഒരു നോട്ടുബുക്ക് പോലും തികയാതെ വരും. എങ്കിലും ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.

തന്റേടികൾ എന്നതിനെ സ്വയം പര്യാപ്തരായവർ എന്നും വിശേഷിപ്പിക്കാൻ പഠിച്ചു. ഞാൻ പറഞ്ഞില്ലേ, പൗരുഷമാണ് തന്റേടം എന്നായിരുന്നു ഞാൻ ജീവിച്ചിരുന്ന സമൂഹം എന്നെ കാണിച്ചുതന്നിരുന്നത്. രാത്രി കറങ്ങിനടക്കാനും എതിർക്കുന്നവരെ നേർക്കുനേരെ നിന്ന് രണ്ടുപറയാനും ആൺകുട്ടികൾക്ക് മാത്രേ സാധിക്കുകയുള്ളു എന്ന് കണ്ടപ്പോൾ ആഗ്രഹിച്ചു ആണായി ജനിച്ചാൽ മതിയായിരുന്നു എന്ന്. സ്വതന്ത്രമായി ചിന്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ, അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെയും നമുക്ക് ജീവിക്കാൻ സാധിക്കും. അടിസ്ഥാനപരമായി വേണ്ടത് അന്യോന്യം ബഹുമാനിക്കാനറിയുക എന്നതാണ്. വിവേചനമില്ലാതെ, ആൺപെൺവ്യത്യാസമില്ലാതെ, വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഉണ്ടാകേണ്ട ബഹുമാനം. അതിനു ആണാവണ്ട, മനുഷ്യനായാൽമതി. അങ്ങനെയെങ്കിൽ തല്ലുപിടിക്കാതെ ജീവിച്ചുപോവാൻ വല്യ ബുദ്ധിമുട്ടുണ്ടാവില്ല.

മേല്പറഞ്ഞതു എന്നെ കോളേജ്‌ജിൽ പഠിപ്പിച്ചതല്ല. അർത്ഥശാസ്ത്രം ആയിരുന്നു എന്റെ വിഷയം. സോഷിയോളജി അല്ല. ഇത് കോളേജുകളിൽ പഠിപ്പിക്കുന്ന ഒന്നല്ല. നമ്മൾ സ്വയം മനസ്സിലാക്കി എടുക്കുന്നതാണ്. ഞാൻ പറയുന്നില്ല ഏറ്റവും പുരോഗമന ചിന്താഗതിക്കാരുള്ളവരാണ് ചെന്നൈയിലെന്നു. എല്ലാ സ്ഥലങ്ങളിലും ഉണ്ടാവും പുരോഗമന ചിന്താഗതിക്കാരും, പുരാതനചിന്താഗതിക്കാരും, ഇതിന്റെ ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത ചിലരും. സോഷ്യൽ കണ്ടിഷനിങ്ങിന്റെ ഇരകളായ നമുക്കെല്ലാം അതിൽ നിന്ന് മാറിചിന്തിക്കുക അത്ര എളുപ്പമല്ല. എങ്കിലും കണ്ടതിനും കേട്ടതിനും അപ്പുറം ഒരു ലോകമുണ്ടെന്നു മനസ്സിലാക്കിയാൽ തെറ്റുകളും ശെരികളും നമുക്ക് സ്വയം മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നതേയുള്ളു.

--

--