പ്രിയപ്പെട്ട ലൈബ്രറി
കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുക എന്ന ഭീകര ലക്ഷ്യത്തിന്റെ തുടക്കമായി പുസ്തകങ്ങൾ അടുക്കി വെക്കാൻ തീരുമാനിച്ചു. സിനിമയിൽ ഒക്കെ കാണുന്നപോലെ ഒരു വലിയ ഷെൽഫ് നിറച്ചു വെക്കാൻ മാത്രം പുസ്തകമൊന്നുമില്ല. ഒരു ചെറിയ ടേബിളിന്റെ താഴെ, കുറച്ചു സ്ഥലത്തു ഒതുക്കി നിർത്താൻ പാകത്തിനുള്ളതേ കാണുള്ളൂ. ഏകദേശം ഈ സമയമാണ് പുസ്തകം വായിക്കാൻ കൊടുത്തു അത് തിരിച്ചു തരാത്ത സുഹൃത്തുക്കളെ ഓർത്തുപോകുന്നത്. എന്റെ നല്ല മനസ്സിന് തത്കാലം സുഹൃത്തുക്കൾ എന്ന് തന്നെ വിളിക്കുന്നു. വലുതും ചെറുതുമായി കുറച്ചു പുസ്തകങ്ങൾ ഉണ്ടെങ്കിലും കൂടുതലും വായിച്ചു തീർക്കാത്തവയാണ്. ചിലതു ഒറ്റയടിക്ക് വായിച്ചു തീർത്തത്, ചിലതാണെങ്കിൽ, അതെന്റെ കൈയിൽ എങ്ങിനെ വന്നു എന്ന് പോലും അപ്പോഴാണ് ആലോചിക്കുന്നത്. ഇതിൽ ഭൂരിഭാഗവും പകുതി വായിച്ചു തീർക്കാതെ വച്ചിരിക്കുന്നതാവും. എന്റെ മടിയെ പറ്റി ക്ലാസ്സെടുക്കുകയാണെങ്കിൽ ചേർക്കാൻ പറ്റിയ ഐറ്റമാണ് ഇതും.
മറ്റൊരു പ്രത്യേകതയെന്തെന്നാൽ ആ കൂട്ടത്തിൽ ഞാൻ വാങ്ങിയ പുസ്തകങ്ങൾ വളരെ കുറവായിരിക്കും. ചിലതു സ്കൂളുകളിൽനിന്ന് സമ്മാനം കിട്ടിയത്, മിക്കതും അമ്മ, സുഹൃത്തുക്കൾ എന്നിവർ സമ്മാനം നൽകിയത്. പന്ത്രണ്ടാം ക്ലാസ്സുവരെ എനിക്കായി പുസ്തകം വാങ്ങിയിരുന്നില്ല. ഞാൻ പഠിച്ച സ്കൂളുകളിലെ ലൈബ്രറി ആയിരുന്നു എന്റെ വായനയുടെ തുടക്കവും, ലോകവും. ‘The Adventures of Huckleberry Fin’ കണ്ടു അതിന്റെ പേജ് മറച്ചു നോക്കിയപ്പോഴാണ് എത്ര മാത്രം ഞാൻ ഈ ശീലത്തെ മിസ് ചെയ്യുന്നു എന്നെനിക്കു മനസ്സിലായത്. ആ പുസ്തകത്തിന്റെ രണ്ടാം പേജിൽ എഴുതിയിരുന്നത്, ‘Awarded for Library proficiency, Class VIII A’ — രാജഗിരി എന്ന ആ മനോഹരമായ സ്കൂൾ കാലത്തെയും, ഏറെ പ്രിയപ്പെട്ട ലൈബ്രേറിയൻ മുരളി സർനെയും, മുട്ടത്തു വർക്കിയെയും ഞാൻ പെട്ടെന്ന് ഓർത്തുപോയി. മുട്ടത്തു വർക്കിയോ? അദ്ദേഹം എങ്ങനെ ഇതിന്റെ ഇടയിൽ വന്നു? നിങ്ങൾ ചിന്തിക്കുന്നുണ്ടാവും!
മുട്ടത്തു വർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന ബുക്ക് ഒരു ഏഴാം ക്ലാസുകാരിയുടെ മനസ്സിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാൻ എന്നോട് ചോതിച്ചാൽ മതി. സാധാരണ ഒരു ബുക്ക് ഒരിക്കൽ വായിച്ചാൽ, പിന്നീട് ആദ്യം മുതൽ ഒന്ന് കൂടി വായിക്കാൻ തുനിയാത്ത ഞാൻ, ആ പുസ്തകം രണ്ടു വട്ടം വായിച്ചു. ലില്ലിയെയും, അവളുടെ ഏട്ടനേയും ഞാൻ എന്റെ കൂട്ടുകാരെന്നപോലെ സ്നേഹിച്ചു. അങ്ങനെ മുട്ടത്തു വർക്കി, സ്നേഹം, സഹനം, വാത്സല്യം, എന്ന പദങ്ങൾക്കു എന്റെ മനസ്സിൽ കൂടുതൽ സ്വാധീനം ചെലുത്തി.
ഇനി ഞാൻ മുരളി സർനെ കുറിച്ച് പറയാം. സർ എന്നെ ‘മിന്നു’ എന്നാണ് വിളിച്ചിരുന്നത്. എന്റെ പേര് ‘അന്നു’ എന്നാണെന്നു എത്ര പറഞ്ഞുകൊടുത്താലും സർ എന്നെ ‘മിന്നു’ എന്ന് തന്നെ വിളിച്ചു. ‘നീ എപ്പോഴും മിന്നി മിന്നി നടക്കുന്നത് കൊണ്ടാണ് ഞാൻ നിന്നെ മിന്നു എന്ന് വിളിക്കുന്നത്’, സർ പറയും. കുട്ടികൾക്കെല്ലാം പ്രിയപ്പെട്ട അധ്യാപകൻ. ലൈബ്രറിയിൽ തന്നെയായിരുന്നു ഫോട്ടോസ്റ്റാറ്, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളും. എല്ലാത്തിനും മേൽനോട്ടം സർനു തന്നെ. ഈ പറഞ്ഞ ആവശ്യങ്ങൾക്കല്ലാതെ ഞാൻ ലൈബ്രറിയിൽ പോയിരുന്നത്, പുസ്തകം അടുക്കിവെക്കാനായിരുന്നു. സ്പോർട്സിൽ പണ്ടേ മോശമായത് കൊണ്ട്, പിടി പീരീഡ് ആണെങ്കിലും ഞാൻ ലൈബ്രറിലേക്കു ഓടും. ആ വലിയ ഫുട്ബോൾ ഗ്രൗണ്ടിന്റെ തൊട്ടടുത്ത് കിടക്കുന്ന ലൈബ്രറിലേക്കു ഓടിപ്പോയ എന്നെ കണ്ടുപിടിക്കാൻ ആർക്കും അത്ര എളുപ്പം സാധിക്കില്ല. എന്താ സ്പോർട്സിൽ കളിക്കാതെ ഇവിടെ കറങ്ങി നടക്കുന്നതെന്ന് പറഞ്ഞു മുരളി സാറും വഴക്കു പറയാറുമില്ല..
കോളേജിലെ ബഹുനില ലൈബ്രറി പോലും, രാജഗിരിയിലെ ആ ചെറിയ ലൈബ്രറിയുടെ സന്തോഷം എനിക്ക് നൽകിയിട്ടില്ല. പല ഷെല്ഫുകളിലെയും ബുക്കുകൾ ഓരോന്നായി ഒതുക്കിവെച്ചു വൃത്തിയാക്കിവെക്കാൻ എനിക്ക് എങ്ങനെ താല്പര്യം വന്നു എന്നറിയില്ല. ചിലപ്പോൾ അത്രയും പുസ്തകങ്ങൾ തൊടുന്നതിന്റെ സന്തോഷമാകും. പഴയതും പുതിയതുമായ ബുക്കുകളുടെ വാസനയാവാം. ഈ സ്വഭാവങ്ങൾക്കൊന്നും ഇപ്പോഴും ഒരു വ്യത്യാസമില്ല എന്നതാണ് മറ്റൊരു കാര്യം. രാജഗിരിയിൽ നിന്ന് വിദ്യോദയയിലേക്കു മാറുമ്പോൾ വേഷമിക്കാനുള്ള ഒരുപാട് കാരണങ്ങളിൽ ലൈബ്രറിക്കും വലിയ സ്ഥാനമുണ്ടായിരുന്നു. എന്നാൽ വിദ്യോദയയിലും ഉണ്ടായിരുന്നു ലൈബ്രറി. വലിയ റാക്കുകളിൽ വെച്ചിരിക്കുന്ന ബുക്കുകൾ കൈയെത്തുന്ന പൊക്കം വരെയുള്ളതു എടുത്തു നോക്കും. ഒരു ബുക്ക് ഞാൻ വായിക്കുമോ എന്ന് തീരുമാനിക്കുന്നതിന് അളവുകോൽ ഇങ്ങനെയാണ് — ആദ്യം ബുക്കിന്റെ കട്ടി, പിന്നീട് പുറകിൽ ബുക്കിന്റെ സാരാംശം, അഥവാ അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ വായിക്കും, പിന്നീട് ബുക്ക് തുറന്നു അക്ഷരങ്ങളുടെ അകലം നോക്കും, ഏറ്റവും ഒടുവിൽ, ആദ്യത്തെ കുറച്ചു വരികൾ വായിക്കും. ഇതെല്ലം ഓകെ ആണെങ്കിൽ അതെടുത്തു നേരെ സ്കൂളിന്റെ സിസ്റ്റത്തിൽ എന്റർ ചെയ്യാൻ കൊടുക്കും. എന്റർ ചെയ്തു കഴിഞ്ഞാൽ രണ്ടാഴ്ച ആ പുസ്തകം എനിക്ക് സ്വന്തം. ഇന്ന് ഒരു കടയിൽ ബുക്ക് വാങ്ങാൻ പോവുമ്പോൾ ഞാൻ അത് ചെയ്യാറില്ല. എല്ലാം ഒരു വിശ്വാസത്തിൽ മേടിക്കും.
ഇപ്പോൾ ഒരുപാട് ബുക്കുകൾ വായിക്കാറില്ല. ‘സമയം കിട്ടാറില്ല’ എന്ന ക്ലിഷേ ഡയലോഗ് പറയുമ്പോൾ, എന്റെ ഫോൺ മാറിയിരുന്നു ചിരിക്കുന്നുണ്ടാകും. പണ്ട് രാത്രി പഠിക്കേണ്ട സമയത്തു ടെക്സ്റ്റ്ബുക്കിന്റെ ഉള്ളിൽ കഥാപുസ്തകം ഒളിപ്പിച്ചു വായിച്ചിരുന്ന ഞാൻ, ഇന്ന് വായിക്കുന്ന പുസ്തകത്തിന്റെ ഉള്ളിൽ ഫോൺ വെച്ച് അത് നോക്കി ഇരിക്കുന്നു. കാലത്തിന്റെ ഒരു പോക്ക്!