तुम्हारा नाम क्या है?

Annu Suresh
2 min readApr 20, 2020

--

എന്റെ ആദ്യത്തെ എൻട്രൻസ് പരീക്ഷ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. മറ്റൊരു സ്കൂളിൽ അഡ്മിഷൻ നേടാൻ ഇങ്ങനെ ചില പരിഷ്‌കാരങ്ങൾ ഉണ്ടായിരുന്നു. സ്റ്റേറ്റ് സിലബസ്സിൽ പഠിക്കുന്ന എന്നെ CBSE സിലബസിലേക്കു മാറ്റുന്നത് ഭാവിയിൽ നന്നായിരിക്കുമെന്ന് വീട്ടുകാർക്ക് തോന്നി. അങ്ങനെ രണ്ടാം ക്ലാസ്സിൽ ആദ്യത്തെ എൻട്രൻസ് പരീക്ഷക്ക് ഞാൻ തയാറായി. നാല് വിഷയത്തിലാണ് എന്നെ പരീക്ഷിക്കുന്നത്. ഇംഗ്ലീഷ്,സയൻസ്, മാത്‍സ്, ഹിന്ദി. ഇതിൽ ഇംഗ്ലീഷ് എഴുത്തു വലിയ ബുദ്ധിമുട്ടില്ലായിരുന്നു (സംസാരം പിന്നെ പറയണ്ടല്ലോ). മാത്‍സും സയൻസും കുഴപ്പമില്ല. പക്ഷെ ഹിന്ദി തീരെ വരില്ല. കുറ്റം പറയാനും പറ്റില്ല. സ്റ്റേറ്റ് സിലബസ്സിൽ ഹിന്ദി തുടങ്ങുന്നത് അഞ്ചിലാണ്. പക്ഷെ CBSE ആകട്ടെ ഒന്നാം ക്ലാസ്സു തൊട്ടു ഹിന്ദി പഠിപ്പിക്കും. എന്നെ ഒട്ടും കുറ്റം പറയാൻ കഴിയില്ല. അറിയാത്ത ഭാഷയാണെങ്കിലും കുറച്ചു പഠിച്ചുവെക്കാൻ അമ്മയും നിർബന്ധിച്ചു. നാലു വയസ്സിനു മുതിർന്ന ചേച്ചി ഉള്ളതുകൊണ്ട് പഠിപ്പിച്ചു തരാൻ വേറെ ആളെ നോക്കണ്ട കാര്യവുമില്ല. ചേച്ചിയും ഹിന്ദി പഠിച്ചു തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂ. കലക്കി! രണ്ടുപേർക്കും ഒരേ പാഠം.

അക്ഷരങ്ങൾ പഠിപ്പിക്കുന്നതിന് പകരം ചേച്ചി പഠിപ്പിച്ചു തന്നത് ഇപ്രകാരം:

तुम्हारा नाम क्या है? (നിങ്ങളുടെ പേര് എന്താകുന്നു?)

मेरा नाम अन्नू है (എന്റെ പേര് അന്നു എന്നാകുന്നു.)

ഇത് എന്തായാലും ചോദിക്കുമെന്നും ചോദിച്ചാൽ ഇതങ്ങു വെച്ച് കാച്ചിയേക്കാനും ചേച്ചി പറഞ്ഞു. കൊള്ളാം! ഒരു ഖും ഉണ്ട്. ഞാനും കരുതി. കഷ്ടപ്പെട്ട് കാണാതെ എഴുതാൻ പഠിച്ചു.

ഹിന്ദി ഒട്ടും അറിയാത്ത ഞാൻ രണ്ടു വലിയ വാക്യങ്ങൾ പഠിച്ചെടുത്തതിന്റെ അഹങ്കാരം, ഹിന്ദി പേപ്പർ കൈയിൽ കിട്ടുന്നതുവരെ എന്റെ ഉള്ളിൽ നിലനിന്നു. കണ്ണിനു മനസ്സിലാവാത്ത എന്തൊക്കെയോ എഴുതിയിരിക്കുന്നു. അത് ഹിന്ദിയുടെ ആദ്യാക്ഷരങ്ങൾ പൂരിപ്പിക്കാനുള്ള ചോദ്യങ്ങളായിരുന്നു എന്ന് വർഷങ്ങൾക്കു ശേഷം ഹിന്ദി പഠിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നു. ചേച്ചി പഠിപ്പിച്ചു തന്നത് കണ്ടുപിടിക്കാൻ പരതുമ്പോൾ, പെട്ടെന്ന് എന്റെ മുന്നിലുള്ള കുട്ടി ഇത്തിരി മാറി അവളുടെ പേപ്പർ കാണിച്ചു തരുന്നതുപോലെ തോന്നി. അവളെങ്ങനെ എന്റെ അവസ്ഥ കണ്ടു എന്നെനിക്കറിയില്ല. കോപ്പി അടിക്കുന്നത് ശീലമില്ല. എങ്കിലും ആ പേപ്പറിലേക്കൊന്നു കണ്ണെറിഞ്ഞു അവളോട് പറയാൻ ഞാൻ ആഗ്രഹിച്ചു:

‘എന്റെ മുഖം കണ്ടു എന്നെ സഹായിക്കാൻ തോന്നിയ ആ മനസ്സ് വളരെ വലുതാണ്. എങ്കിലും तुम्हारा नाम क्या है? എന്ന വാക്യത്തിലെ ‘ത' ഏതാണെന്നോ ‘മ' ഏതാണെന്നോ എനിക്കറിയില്ലാന്നു ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്.’

അതവൾക്കു മനസ്സിലായോ എന്നറിയില്ല പെട്ടെന്ന് പതുക്കെ ആ ഉത്തരങ്ങൾ പറഞ്ഞു തരുന്നതായി ഞാൻ കേട്ടു. ഒരു ഫലവുമുണ്ടായില്ല. അക്ഷരങ്ങൾ പഠിച്ചാലല്ലേ കേട്ടെഴുത്തെങ്കിലും നടക്കുകയുള്ളൂ.

സമയം കഴിഞ്ഞപ്പോൾ ടീച്ചർ പേപ്പർ വാങ്ങിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം റിസൾട്ട് വരികയും രണ്ടു പേർക്ക് മാത്രമാണ് അഡ്മിഷൻ കിട്ടിയതെന്നും അത് ഞാനും എനിക്ക് ഉത്തരം കാണിച്ചു തന്ന കുട്ടിയുമാണെന്നുമുള്ള സത്യം ഒട്ടും നാടകീയമാക്കാതെ ഞാൻ തുറന്നു പറയുന്നു. പല കാരണങ്ങൾ കൊണ്ടു എനിക്കവിടെ ചേരാൻ സാധിച്ചില്ലെങ്കിലും ആ കുട്ടിയോട് എനിക്കെന്നും കടപ്പാടുണ്ട്.

ഹിന്ദി വീണ്ടും വില്ലനായി തുടരുന്നു എന്ന് മനസ്സിലാക്കിയതോടെ ഒൻപതാം ക്ലാസിൽ എന്നെ CBSEലേക്ക് മാറ്റി. അതായതു ആ വർഷം രണ്ടാം ഭാഷയായി എനിക്ക് മലയാളം എടുക്കാം. അതോടെ എന്റെ ഹിന്ദി പഠനം അഞ്ചിൽ തുടങ്ങി എട്ടിൽ അവസാനിച്ചു. ആ എൻട്രൻസ് അപാരതയിൽ നിന്ന് പത്തൊൻപതു വർഷം പിന്നിട്ടു ഞാൻ ബോംബെ എന്ന മഹാനഗരത്തിൽ ജോലി തേടി എത്തിയത് വിധിയുടെ ഓരോ ലീലാവിലാസങ്ങൾ. ഇന്ന് ഒരു ഓട്ടോ പിടിക്കുമ്പോഴും ഹിന്ദി വില്ലനായി നിക്കും:

“भैया, घाटकोपर जाएंगे?.. जाओगे? … जाएगा?” (ചേട്ടാ ഘാട്കോപർ പോകുമോ?... പോകുമോ രണ്ടാമത്തെ രീതിയിൽ.. പോകുമോയുടെ പല അവസ്ഥാന്തരങ്ങൾ ...)

ഓട്ടോയിൽ ഇരിക്കുമ്പോൾ ഡ്രൈവർ ചേട്ടൻ:

आप साउथ इंडियन हो? (താങ്കൾ south Indian ആണല്ലേ?)

രണ്ടാംക്ലാസ്സിലെ എൻട്രൻസ് പരീക്ഷ ആയിരുന്നു ഇതിലും ഭേദം. അതാണെങ്കിൽ ചോദ്യപേപ്പറും ഞാനും മാത്രമല്ലേ അറിയുന്നുള്ളു എന്റെ മണ്ടത്തരങ്ങൾ. ഞാൻ കണ്ണാടിയിൽകൂടി ഒന്ന് ചിരിച്ചു കൊടുത്തു. പതുക്കെ ഹെഡ്സെറ്റ് ചെവിയിൽ കുത്തി മലയാളം എവർഗ്രീൻ പാട്ടുകൾക്ക് കാതോർത്തു.

--

--